എടക്കര: ടയര്‍ കടയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറി മോഷണം പോയി. സെന്‍സര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ അര കിലോമീറ്റര്‍ ദൂരത്ത് വാഹനം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.
ചുങ്കത്തറ എടമല നാസര്‍ ടയര്‍ കടയ്ക്ക് മുന്പില് നിര്‍ത്തിയിട്ട അല്‍ബ റൈസ് പൗഡര്‍ കമ്പനിയുടെ ലോറിയാണ് ഇന്നലെ പുലര്‍ച്ചെ മൂന്നിന് ശേഷം മോഷണം പോയത്.
വൈകീട്ട് അഞ്ചിന് ടയറിന്റെ പണികള്‍ തീര്‍ത്ത് ഒതുക്കി നിര്‍ത്തിയ ശേഷം ഡ്രൈവര്‍ മറ്റ് ആവശ്യങ്ങള്‍ക്കായി പോയി. വാഹനത്തില്‍ നിന്ന് താക്കോല്‍ എടുക്കാന്‍ ഡ്രൈവറും ടയര്‍ കമ്പനി ഉടമ നാസറും മറക്കുകയും ചെയ്തു. പിന്നീട് പുലര്‍ച്ചെ മൂന്നിന് ഹൈവേ പൊലിസാണ് വാഹനം ചുങ്കത്തറ നിസ്ക്കാര പള്ളിക്ക് സമീപം റോഡില്‍ വിലങ്ങനെ കിടക്കുന്ന വിവരം നാസറിനെ അറിയിച്ചത്. പുലര്‍ച്ചെ ഒന്നിന് ലോറിയുടെ ഇന്‍ഡിക്കേറ്ററുകള്‍ പ്രവര്‍ത്തിച്ചതായും പുലര്‍ച്ചെ മൂന്നിന് വാഹനം സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതും സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സെന്‍സര്‍ ഉള്ളതിനാല്‍ മോഷ്ടാക്കള്‍ക്ക് ലോറി കൂടുതല്‍ ദൂരം ഓടിക്കാനായില്ല. മാത്രവുമല്ല ക്ലച്ച് ഡിസ്ക് കരിഞ്ഞ് വാഹനം നടുറോഡില്‍ വിലങ്ങായി നില്‍ക്കുകയും ചെയ്തു.
ഇതോടെ മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു. കമ്പനിയുടെ പുതിയ ലോറിയാണിത്. വാഹനത്തിന് 50,000 രൂപയുടെ നഷ്ടം ഉണ്ടായാതായി ഉടമകള്‍ പറഞ്ഞു. സംഭവത്തില്‍ എടക്കര പൊലിസ് അന്വേഷണം തുടങ്ങി.